മാഞ്ചസ്റ്റര്‍ സിനഗോഗില്‍ സംഭവിച്ചത് ഭീകരാക്രമണം; പ്രതി ജിഹാദ് അല്‍ ഷാമി സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍

മാഞ്ചസ്റ്റര്‍ സിനഗോഗില്‍ സംഭവിച്ചത് ഭീകരാക്രമണം; പ്രതി ജിഹാദ് അല്‍ ഷാമി സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍

പ്രതി ജിഹാദ് അല്‍ ഷാമി.

ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും സാല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡും.

മാഞ്ചസ്റ്റര്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിന് മുന്നിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഭീകരാക്രമണമെന്ന് തുടക്കത്തില്‍ സ്ഥിരീകരിക്കാതിരുന്ന പൊലീസ്, നടന്നത് ഭീകരാക്രമണമാണെന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം വ്യക്തമാക്കി.

ജിഹാദ് അല്‍ ഷാമി(35)യാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ സംഭവ സ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു.

കൊല്ലപ്പട്ട മൂന്ന് പേരില്‍ അമ്പത്തിമൂന്നുകാരനായ ഏഡ്രിയന്‍ ഡോള്‍ബി, അറുപത്തിയാറുകാരനായ മെല്‍വിന്‍ ക്രാവിറ്റ്സ് എന്നിവരെ തിരിച്ചറിഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്സും ക്രംപ്‌സലിലെ ജൂത കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു.

ജൂതരുടെ പുണ്യദിനമായ യോം കിപ്പൂര്‍ ആയിരുന്നു വ്യാഴാഴ്ച. ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ സിനഗോഗില്‍ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നു.


സിനഗോഗിന് മുന്നില്‍ അക്രമി കാര്‍ ഇടിച്ചു കയറ്റിയ നിലയില്‍.

ദേവാലയത്തിനു പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ആളുകളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂത സമൂഹത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് മാഞ്ചെസ്റ്ററിലെ ആക്രമണം.

സംഭവം ഭയപ്പെടുത്തുന്നതാണെന്നും പുണ്യദിനത്തില്‍ ആക്രമണം നടന്നുവെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ആക്രമണത്തെ അപലപിച്ച സാല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡ്, ജൂത സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തു. തീവ്രവാദത്തിനെതിരെ മതാന്തര ഐക്യം ആവശ്യമാണെന്നും സമൂഹ്യ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.