ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയത് സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായി എത്തി ബ്രിട്ടീഷ് പൗരത്വം നേടിയ ആളാണെന്ന് വ്യക്തമായതോടെ രാജ്യത്തെ കുടിയേറ്റ നിയമങ്ങളും അഭയ സംവിധാനങ്ങളും പൊളിച്ചെഴുതെണമെന്ന ആവശ്യവുമായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ രംഗത്ത്.
അനധികൃത കുടിയേറ്റത്തിനെതിരെ ഒരു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന വമ്പന്‍ റാലിക്ക് സെപ്തംബറില്‍ ലണ്ടന്‍ സാക്ഷ്യം വഹിച്ചിരുന്നു. മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ വിരുദ്ധ റാലികളുടെ തുടര്‍ച്ച ഉണ്ടായേക്കുമെന്ന ജാഗ്രതയിലാണ് പൊലീസ്.
രണ്ട് ജൂത വിശ്വാസികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ പൊലീസും പ്രതിയും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. പ്രതി ജിഹാദ് അല്‍ ഷാമിയെ (35) പൊലീസ് വെടിവച്ചു കൊന്നിരുന്നു.
സിനഗോഗിന് പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെ കാറോടിച്ചു കയറ്റിയ ഇയാള്‍, മുന്നില്‍ കണ്ടവരെ കുത്തി വീഴ്ത്തുകയായിരുന്നു. കുട്ടിയായിരിക്കെ സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായി യു.കെയിലെത്തിയ ഷാമിക്ക് 2006 ലാണ് പൗരത്വം ലഭിച്ചത്.