വാഷിംങ്ടണ്‍: ഹമാസിന് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെ വയ്ക്കണമെന്നും സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്നും ട്രംപ് പറഞ്ഞു.
"ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതില്‍ നന്ദിയുണ്ട്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നും എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും"- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം നാളെ ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി ഈജിപ്തില്‍ ഗാസ സമാധാന കരാറില്‍ ചര്‍ച്ച നടക്കും. ഇതിനായി അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും. 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടെങ്കിലും ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.