അധികാരത്തില്‍ വെറും 26 ദിവസം; ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജി വച്ചു

അധികാരത്തില്‍ വെറും  26 ദിവസം; ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജി  വച്ചു

പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജി വച്ചു. സഖ്യ കക്ഷികളുമായി ധാരണയില്‍ എത്താന്‍ സാധിക്കാത്തതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാജി.

മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണു സ്ഥാനമൊഴിയുന്നത്. ഫ്രാന്‍സിനെ വീണ്ടും ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

ഫ്രാന്‍സിന്റെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ലെകോര്‍ണുവിനെ കഴിഞ്ഞ മാസമാണ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ മുന്‍ സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ആയിരുന്നു ലെകോര്‍ണുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നതോടെ 26 ദിവസം മാത്രമാണ് പദവിയില്‍ തുടരാനായത്.

സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഫ്രാന്‍സില്‍ രൂക്ഷമാകുന്നതിനിടെയാണ് രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. ഫ്രാന്‍സിന്റെ പൊതു കടം കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. കട ബാധ്യത യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുവദിക്കുന്ന 60 ശതമാനത്തിന്റെ ഇരട്ടിയോളമാണ്.

കഴിഞ്ഞ മൂന്ന് വാര്‍ഷിക ബജറ്റുകള്‍ വോട്ടെടുപ്പില്ലാതെയാണ് ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കിയത്. ഇത്തരത്തിലുള്ള മാക്രോണിന്റെ അശാസ്ത്രീയ നടപടികളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.