വാഷിങ്ടണ്‍: ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ അതിക്രമിച്ചു കയറി നടത്തിയ അക്രമങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ ആരംഭിച്ച യുദ്ധത്തില്‍ അമേരിക്ക ഇതുവരെ ഇസ്രയേലിന് സൈനിക സഹായമായി 21.7 ബില്യണ്‍ യുഎസ് ഡോളര്‍ (2170 കോടി ഡോളര്‍) നല്‍കിയതായി റിപ്പോര്‍ട്ട്.
യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷത്തിനിടെ ബൈഡന്‍-ട്രംപ് ഭരണകൂടങ്ങളാണ് ഇസ്രയേലിന് ഈ സഹായം നല്‍കിയത്. ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സഹായത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അമേരിക്ക ഏകദേശം 10 ബില്യണ്‍ യു.എസ് ഡോളറിലേറെ ചെലവഴിച്ചതായി പറയുന്നു.
ഓപ്പണ്‍ സോഴ്‌സ് മെറ്റീരിയലിനെ ആശ്രയിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന് നല്‍കിയ സൈനിക സഹായത്തിന്റെ തുകയെക്കുറിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി അവസാന ഘട്ട ചര്‍ച്ചയിലെത്തി നില്‍ക്കുന്നതിനിടെയാണ് കണക്കുകള്‍ പുറത്തു വന്നത്.
ഇത് കൂടാതെ വിവിധ ഉഭയകക്ഷി കരാറുകള്‍ പ്രകാരം ഇസ്രയേലിന് ഭാവിയില്‍ പതിനായിരക്കണക്കിന് ഡോളര്‍ ധനസഹായം ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.