അസീസി: എട്ട് നൂറ്റാണ്ടുകൾക്ക് ശേഷം വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങൾ പൊതുവണക്കത്തിനായി പ്രദർശിപ്പിക്കുന്നു. 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ബസിലിക്കയിലാണ് ഈ ആത്മീയ ചടങ്ങ് നടക്കുക.
വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ചരിത്രപരമായ അവസരം ഒരുക്കുന്നത്. ബസിലിക്കയിലെ മൃതകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ ശരീരാവശിഷ്ടങ്ങൾ ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റി പൊതുവണക്കത്തിനായി സ്ഥാപിക്കുമെന്ന് ഫ്രാൻസിസ്‌കൻ സമൂഹം അറിയിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന അസുലഭ അവസരത്തിന് വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. വൈദികരുടെയും തീർത്ഥാടകരുടെയും സംഘങ്ങൾക്കും വ്യക്തികൾക്കും സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. അംഗപരിമിതർക്കായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരിക്കുന്നുണ്ട്.
അതേസമയം വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലിന് 2026 മുതല്‍ ഇറ്റലിയില്‍ അവധിയായി പുനസ്ഥാപിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പാര്‍ലമെന്റ് തീരുമാനത്തെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സ്വാഗതം ചെയ്തു.