ടെല്‍ അവീവ്: ലെബനനില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. തെക്കന്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചയാളും പരിക്കേറ്റവരില്‍ ഒരാളും സിറിയന്‍ പൗരന്‍മാരാണെന്നും മറ്റുള്ളവര്‍ ലെബനന്‍കാരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എംസേലേ ഗ്രാമത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ നശിച്ചതുള്‍പ്പെടെ വലിയ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ സംഭരിച്ചിരുന്ന സ്ഥലത്തിനു നേര്‍ക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.
പതിനാല് മാസമായി നീണ്ടുനിന്നിരുന്ന ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം അമേരിക്കയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അവസാനിച്ചത്. യുദ്ധ വേളയില്‍ കനത്ത നാശനഷ്ടം നേരിട്ട ഹിസ്ബുള്ള തങ്ങളുടെ ശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.