കൊച്ചി: ഹിജാബ് ധരിപ്പിക്കണമെന്ന മതമൗലികവാദികളുടെ സമ്മർദ്ധത്തെ തുടർന്ന് കൊച്ചിയിൽ സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളാണ് അടച്ചത്.
ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഹിജാബ് ധരിച്ച് കൊണ്ട് സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ നിയമങ്ങൾ പാലിക്കണമെന്നും എല്ലാ മതസ്ഥരും പഠിക്കുന്ന സ്കൂളിൽ ഒരു വിഭാഗത്തിന് മാത്രം പ്രത്യേക വസ്ത്രധാരണം അനുവദിക്കാനാകില്ലെന്നും മാനേജ്മെന്റ് കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.
തുടർന്ന് മാതാപിതാക്കൾ ഒരു കൂട്ടം പ്രവർത്തകരുമായി വന്ന് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയായിരുന്നെന്നാണ് വിവരം. തുടർന്ന് മറ്റുവഴികളില്ലാതെ സ്കൂൾ അധികൃതർ പൊലീസിനെ വിളിച്ചു വരുത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സമാധാനത്തോടെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്നും അതിനാലാണ് സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചതെന്നും സെന്റ് റീത്താസ് മാനേജ്മെന്റ് വ്യക്തമാക്കി.
സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണെന്ന് 2018 ൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന് കീഴിലാണ് എന്നാൽ സ്കൂൾ സുഗമമായ പ്രവർത്തനത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ മാനേജ്മെന്റിന് തുല്യ അവകാശമുണ്ട് എന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
സ്കൂൾ അധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ അവർ പ്രതികരണത്തിന് തയാറല്ല എന്നാണ് അറിയിച്ചത്. ഔദ്യോഗികമായി സഭാധികാരികളെ ഈ വിവരം ധരിപ്പിച്ചിട്ടില്ലെന്നും സ്കൂൾ പി ടി എ യുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അധ്യാപക പ്രതിനിധി അറിയിച്ചു.
അഗസ്റ്റീനിയൻ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ 27 വർഷം മുൻപ് ആരംഭിച്ച ഈ സ്കൂളിൽ ഇപ്പോൾ അറുനൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.