അകാരണമായി അറസ്റ്റ് ചെയ്ത 30 ക്രൈസ്തവ നേതാക്കളെ ഉടന്‍ മോചിപ്പിക്കണം: ചൈനയോട് അമേരിക്ക

അകാരണമായി അറസ്റ്റ് ചെയ്ത 30 ക്രൈസ്തവ നേതാക്കളെ ഉടന്‍ മോചിപ്പിക്കണം:  ചൈനയോട് അമേരിക്ക

ബീജിങ്: ചൈനയിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡുകളില്‍ അകാരണമായി അറസ്റ്റ് ചെയ്ത ക്രൈസ്തവ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന് അമേരിക്ക. ചൈനയിലെ ഭൂഗര്‍ഭ സഭകളിലൊന്നായ ജിന്‍ മിംഗ്രിയിലെ 30 ക്രൈസ്തവ നേതാക്കളെയാണ് വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെയോടെ പത്ത് ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളില്‍ കാരണമൊന്നും കൂടാതെ പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി.

സര്‍ക്കാര്‍ അംഗീകൃത പള്ളികളില്‍ മാത്രം ചേരാനും പാര്‍ട്ടിയില്‍ അംഗമാകാനും രാജ്യത്തെ ക്രൈസ്തവര്‍ക്ക് മേല്‍ വളരെക്കാലമായി സമ്മര്‍ദ്ദമുണ്ട്. നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നവരുടെ മേല്‍ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഇത്തരത്തിലുള്ള ആസൂത്രിത പീഡനം സഭയെ അപമാനിക്കുന്നത് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടുള്ള പൊതു വെല്ലുവിളി കൂടിയാണെന്ന് സിയോണ്‍ ചര്‍ച്ച് വ്യക്തമാക്കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനയോട് സഭാ നേതാക്കളെ ഉടന്‍ തന്നെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിശ്വാസത്തില്‍ പാര്‍ട്ടി ഇടപെടല്‍ നടത്തുന്നത് അപലനീയമാണെന്നും ക്രിസ്ത്യാനികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ശത്രുത പുലര്‍ത്തുന്നുവെന്ന് ഇത് തെളിയിക്കുകയാണെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി 2013 മുതല്‍ ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരുന്നു. 2018 ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.