അബൂജ: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് ക്രൈസ്തവ ഗ്രാമങ്ങൾ ലക്ഷ്യമിട്ട് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഒക്ടോബർ 14 ന് ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയ (എൽജിഎ)യിലെ റാവുരു, ടാറ്റു, ലാവുരു എന്നീ ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. രാത്രിയോടെ തോക്കുധാരികളായ അക്രമികൾ ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചു കയറി പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ നാട്ടുകാരെ ലക്ഷ്യമാക്കി വെടിവെക്കുകയായിരുന്നു.
റാവുരുവിലെ മിഷൻ സെന്ററിലെ രണ്ട് വിശ്വാസികൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നിരവധി ഗ്രാമവാസികൾ സമീപത്തുള്ള കുറ്റിക്കാട്ടിൽ ഓടിഒളിച്ചെന്ന് സാക്ഷികൾ പറഞ്ഞു. തുടർന്ന് അക്രമികൾ ടാറ്റു ഗ്രാമത്തിലേക്ക് നീങ്ങി. അവിടെ പത്തോളം പേർ കൊല്ലപ്പെട്ടു.
അക്രമികൾ ഏകദേശം 40 പശുക്കളെ മോഷ്ടിക്കുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു മുമ്പ് തന്നെ ഭീഷണികളും മുന്നറിയിപ്പുകളും ലഭിച്ചിരുന്നുവെന്നും അത് സുരക്ഷാസേനയെ അറിയിച്ചിരുന്നുവെന്നും, എന്നാൽ യാതൊരു പ്രതിരോധ നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്ലാറ്റോ സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളായി ക്രൈസ്തവരും ഫുലാനി പശുക്കിടാവുകാരും തമ്മിലുള്ള സംഘർഷങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പുതിയ ആക്രമണം നടന്നത്.