'ഇസ്രയേല്‍ സേനയുമായുള്ള സഹകരണത്തിന്റെ പേരില്‍ ജനങ്ങളെ കൊന്നാല്‍ അവിടെച്ചെന്ന് ഇല്ലാതാക്കും'; ഹമാസിന് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്

'ഇസ്രയേല്‍ സേനയുമായുള്ള സഹകരണത്തിന്റെ പേരില്‍ ജനങ്ങളെ കൊന്നാല്‍ അവിടെച്ചെന്ന് ഇല്ലാതാക്കും'; ഹമാസിന് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവിടെച്ചെന്ന് അവരെ ഇല്ലാതാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പില്‍ തങ്ങളുടെ നിയന്ത്രണം പുനസ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

യുദ്ധ സമയത്ത് ഇസ്രയേല്‍ സേനയുമായി സഹകരിച്ചുവെന്ന് കരുതുന്ന പാലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്. കരാറില്‍ ഇല്ലാതിരുന്ന ഒന്നാണ് ഗാസയില്‍ ഹമാസ് ആളുകളെ കൊല്ലുന്നത്. അത് തുടര്‍ന്നാല്‍ അവിടെ ചെന്ന് അവരെ കൊല്ലുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടാകില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ യുഎസ് സൈന്യം ഇതില്‍ പങ്കെടുക്കില്ലെന്നും അദേഹം പറഞ്ഞു. അത് ചെയ്യുക തങ്ങളായിരിക്കില്ല. തങ്ങളോട് വളരെ അടുപ്പമുള്ള ആളുകളുണ്ട്. അവര്‍ പോയി ആ ജോലി വളരെ എളുപ്പത്തില്‍ ചെയ്യും. പക്ഷേ അത് തങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ ഹമാസ് എതിര്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന ആദ്യ റിപ്പോര്‍ട്ടുകളെ യു.എസ് പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു. പരസ്യമായ വധശിക്ഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴും ഇതായിരുന്നു അദേഹത്തിന്റെ നിലപാട്. വളരെ മോശക്കാരായ ചില സംഘങ്ങളെ അവര്‍ ഇല്ലാതാക്കിയെന്നും അത് കുഴപ്പമില്ലെന്നുമായിരുന്നു പ്രതികരണം.

കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ ഇസ്രയേലിനെ പോരാട്ടം പുനരാരംഭിക്കാന്‍ അനുവദിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. താന്‍ ഒരു വാക്ക് പറഞ്ഞാലുടന്‍ ഇസ്രയേല്‍ ആ തെരുവുകളിലേക്ക് തിരിച്ചെത്തും. ഇസ്രയേലിന് അകത്തുകയറി അവരെ ഇടിച്ചുനിരത്താന്‍ കഴിയുമെങ്കില്‍ അവരത് ചെയ്യുമെന്ന് സിഎന്‍എന്നിനോട് ട്രംപ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.