ഇസ്താംബുള്‍: തുര്‍ക്കിയിലെ തെക്കന്‍ ഭാഗത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ കണ്ടെത്തി. അതില്‍ ഒന്നില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് ശ്രദ്ധേയമാണ്.
കരമാന്‍ പ്രവിശ്യയിലെ ടോപ്രാക്‌ടെപ്പ് പ്രദേശത്തുള്ള പുരാതന റോമന്‍–ബൈസന്റൈന്‍ നഗരം ഐറിനോപോളിസ് (Irineopolis)യിലാണ് ഈ അസാധാരണ കണ്ടെത്തല്‍ നടന്നത്. “സമാധാന നഗരം” എന്നാണ് ഐറിനോപോളിസ് എന്ന പേരിന്റെ അര്‍ഥം.
ഗവേഷകരുടെ നിഗമനപ്രകാരം കണ്ടെത്തിയ ഓസ്തികള്‍ ആദ്യകാല ക്രൈസ്തവ ആരാധനാക്രമങ്ങളില്‍ പ്രത്യേകിച്ച് കമ്മ്യൂണിയന്‍ അപ്പങ്ങളായി ഉപയോഗിച്ചിരുന്നതായിരിക്കാം.
ഈ കണ്ടെത്തല്‍ ആദ്യകാല ക്രൈസ്തവ ആചാരങ്ങളെയും കലാസമ്പ്രദായങ്ങളെയും കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന സുപ്രധാന പുരാവസ്തു നേട്ടം ആണെന്ന് സിഇയു സാന്‍ പാബ്ലോ സര്‍വകലാശാലയിലെ മധ്യകാലഘട്ട ചരിത്രവിദഗ്ധനായ പ്രൊഫസര്‍ ജിയോവന്നി കൊളമാറ്റി പറഞ്ഞു.

ആറ് മുതല്‍ എട്ടാം നൂറ്റാണ്ടുകള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ ബാര്‍ലി ഉപയോഗിച്ച് നിര്‍മിച്ച ഈ ഓസ്തികൾ കാര്‍ബണൈസേഷനും ഓക്‌സിജന്‍ രഹിതമായ അന്തരീക്ഷവുമാണ് ഇത്രയും നാളുകള്‍ നിലനില്‍ക്കാന്‍ കാരണമായത്.
ഒരു ഓസ്തിയിൽ യേശു ക്രിസ്തുവിന്റെ രൂപത്തോടൊപ്പം “ആരാധ്യനായ യേശുവിന് നന്ദി” എന്ന ഗ്രീക്ക് ലിഖിതവും മറ്റുള്ളവയില്‍ ഗ്രീക്ക് കുരിശിന്റെ രൂപത്തിലുള്ള ചിത്രകലകളും കണ്ടെത്തിയിട്ടുണ്ട്.
ഖനനപ്രവര്‍ത്തനം കരമാന്‍ മ്യൂസിയത്തിന്റെയും തുര്‍ക്കി സാംസ്‌കാരിക ടൂറിസം മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് നടത്തിയത്. കണ്ടെത്തിയ ഓസ്തികളുടെ ഉത്ഭവം മതപരമായ പ്രസക്തി എന്നിവയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.