ബൊളീവിയയിൽ 20 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർത്ഥികൾ നേർക്കു നേർ ഏറ്റുമുട്ടുന്നു

ബൊളീവിയയിൽ 20 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർത്ഥികൾ നേർക്കു നേർ ഏറ്റുമുട്ടുന്നു

ലാ പാസ്: ഇരുപത് വർഷത്തെ ഇടതുപക്ഷ ഭരണത്തിന് ശേഷം ബൊളീവിയ വലതുപക്ഷത്തേക്ക് ചായുന്നു. ഒക്ടോബർ 19 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രണ്ട് വലതുപക്ഷ നേതാക്കൾ തമ്മിലാണ് മത്സരം. ആര് ജയിച്ചാലും രാജ്യം വലതുപക്ഷത്തേക്ക് ചായും. രാജ്യത്തിന്റെ രാഷ്ട്രീയ ഗതി തന്നെ മാറാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ റോഡ്രിഗോ പാസ് ആണ് പ്രസിഡന്റ് സ്ഥാനാർത്ഥികളിലൊരാൾ. മുൻ പ്രസിഡന്റു കൂടിയായ ജോർജ് ക്വിറോയാണ് മറ്റൊരാൾ. ലിബ്രെ അലയൻസിനെ പ്രതിനിധീകരിക്കുന്നു ഇദേഹം.

ബൊളീവിയയിൽ 2006 മുതൽ പ്രസിഡന്റ് പദവിയിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാന നേതാക്കളായിരുന്നു. മൂവ്മെന്റ് ടുവാർഡ്സ് സോഷ്യലിസം എന്ന ഇടത് പോപ്പുലിസ്റ്റ് കക്ഷിയായിരുന്നു ഭരണം. 2020 വരെ ഇവോ മൊറാലിസ് എന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു പ്രസിഡന്റ്. 2020 ൽ ഇദേഹം മാറുകയും ലൂയിസ് ആർസ് എന്ന നേതാവ് പ്രസിഡന്റാവുകയും ചെയ്തു.

2025 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കും മത്സരിക്കണമെന്ന് ഇവോ മൊറാലിസ് ആവശ്യപ്പെട്ടു. രാജ്യത്തെ കോടതിയും പാർട്ടിയും ഇതിന് അനുവദിച്ചില്ല. ഭരണഘടന ഇത്രയധികം കാലം പ്രസിഡന്റായിരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഭരണഘടനയിൽ തനിക്ക് വീണ്ടും മത്സരിക്കാനുള്ള പഴുതുണ്ടെന്ന് ഇവോ മൊറാലിസ് വാദിച്ചു. അദേഹം പാർട്ടിയെ പിളർത്തിക്കൊണ്ടു പോയി. പുതിയ പാർട്ടി രൂപീകരിച്ചു. ഇതോടെ രാജ്യത്തെ ഇടതുപക്ഷം ദുർബ്ബലമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂവ്മെന്റ് ടുവാർഡ്സ് സോഷ്യലിസത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ആദ്യ ഘട്ടത്തിൽ തന്നെ വീണു.

നിലവിലെ സോഷ്യലിസ്റ്റ് മോഡലിന്റെ പരാജയത്തിൽ നിന്നാണ് ബൊളീവിയയിൽ വലതുകക്ഷികൾ അധികാരത്തിൽ വരുന്നതെന്ന് വിദ​ഗ്ദർ പറയുന്നു. ഈ തിരഞ്ഞെടുപ്പ് ലാറ്റിൻ മേരിക്കയില്‍ വളരുന്ന വിശാലമായ വലതുപക്ഷ പ്രവണതകളെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. 2000 കളുടെ തുടക്കത്തിലാണ് ലാറ്റിൻ അമേരിക്കയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. ഇതിന് സമാനമായ ഒരു പുതിയ ഒരു രാഷ്ട്രീയ, സാമ്പത്തിക ചക്രത്തിലേക്ക് മേഖല പ്രവേശിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.