മോസ്കോ : റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിൽ പ്രതിരോധ മേഖലയുമായി ബന്ധമുള്ള ഒരു വ്യോമയാന കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് മരണം. കെഎ-226 (Ka-226) വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് റിപ്പബ്ലിക്കിലെ അച്ചി-സു ഗ്രാമത്തിന് സമീപം തകർന്നത്. പറക്കുന്നതിനിടെ ഹെലികോപ്റ്റർ തീപിടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കാസ്പിയൻ കടലിനടുത്തുള്ള ഒരു കടൽത്തീരത്ത് വിമാനം ഇടിച്ചിറക്കി അടിയന്തര ലാൻഡിങിന് പൈലറ്റ് ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിൻ്റെ വാൽ ഒടിഞ്ഞതോടെ ഒരു വീടിൻ്റെ മുറ്റത്ത് തകർന്നുവീണു.
ഹെലികോപ്റ്ററിൻ്റെ വാൽ ഒടിഞ്ഞ് നിലത്തേക്ക് വീഴുന്നതും ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്നതിന് മുമ്പ് പൈലറ്റിന് വിമാനം ആഴം കുറഞ്ഞ വെള്ളത്തിന് മുകളിലൂടെ ഉയർത്താൻ കഴിഞ്ഞുവെങ്കിലും പിന്നീട് തകർന്നു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ഏകദേശം 80 ചതുരശ്ര മീറ്ററോളം പടർന്ന തീ രക്ഷാപ്രവർത്തകരെത്തിയാണ് അണച്ചത്. മൂന്ന് യാത്രക്കാരെയും പൈലറ്റിനെയും അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തെങ്കിലും അഞ്ച് പേരും പിന്നീട് മരണപ്പെട്ടതായി ഡാഗെസ്താൻ ആരോഗ്യ മന്ത്രി യാരോസ്ലാവ് ഗ്ലാസോവ് സ്ഥിരീകരിച്ചു. റഷ്യൻ അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.