പുതിയ താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കിയെന്ന് ട്രംപ്; ഓരോ യു.എസ് പൗരനും 2000 ഡോളര്‍ വീതം വാഗ്ദാനം

പുതിയ താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കിയെന്ന് ട്രംപ്;  ഓരോ യു.എസ് പൗരനും 2000 ഡോളര്‍ വീതം വാഗ്ദാനം

വാഷിങ്ടണ്‍: താരിഫ് നയത്തെ ന്യായീകരിച്ചും അമേരിക്കക്കാര്‍ക്ക് 2000 ഡോളര്‍ വീതം വാഗ്ദാനം ചെയ്തും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്നും അദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമ സാധുതയെക്കുറിച്ച് അമേരിക്കന്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചും വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചുമുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.

'താരിഫുകളെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണ്. നമ്മളിപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോര്‍ഡ് വിലയിലുമാണ്. നമ്മള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും.

യു.എസ്.എയില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നു വരുന്നു. ഉയര്‍ന്ന വരുമാനക്കാരൊഴികെ എല്ലാവര്‍ക്കും കുറഞ്ഞത് 2000 ഡോളര്‍ (1.77 ലക്ഷം രൂപ ) വീതം ലാഭ വിഹിതം നല്‍കും'- ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമായെന്നും, താരിഫുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ബിസിനസുകള്‍ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.