കീവ്: നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഉക്രെയ്‌നില്‍ വന്‍ ആക്രമണം നടത്തി റഷ്യ. ഉക്രെയ്‌ന്റെ ഊര്‍ജ ശൃംഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപ കാലത്ത് നടന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങളെ തുടര്‍ന്ന് എട്ട് മേഖലകളില്‍ വൈദ്യുതി ബന്ധം നിലച്ചതായി ഉക്രെയ്‌ന്റെ ദേശീയ ഊര്‍ജ ഓപ്പറേറ്ററായ ഉക്രനെര്‍ഗോ അറിയിച്ചു. ശൈത്യകാലം അടുക്കുന്ന സാഹചര്യത്തില്‍ ഊര്‍ജ ശൃംഖലയെ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം ദശലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
റഷ്യ മുന്നൂറിലധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തതായി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. അറ്റകുറ്റപ്പണികളെ തടസപ്പെടുത്തുന്നതിന് ഒരേ സ്ഥലങ്ങളെ വീണ്ടും വീണ്ടും ആക്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.
കീവില്‍ വലിയ തടസങ്ങള്‍ ഉണ്ടായതായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ കമ്പനിയായ ഡിടിഇകെ അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ കാരണം പോള്‍ട്ടാവ മേഖലയിലെ പ്രകൃതി വാതക ഖനനം നിര്‍ത്തി വെക്കേണ്ടി വന്നിട്ടുണ്ട്. ഈ മാസം ആറാം തവണയാണ് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഫ്‌റ്റോ ഗാസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ്, കീവ് ഒബ്ലാസ്റ്റിലെ സ്ലാവുട്ടിച്ച് പട്ടണത്തിലുള്ള ഒരു ഊര്‍ജ നിലയത്തിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം മൂലം ചോര്‍ണോബില്‍ ആണവ നിലയത്തില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാന്‍ കാരണമായെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു.
ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റഷ്യന്‍ ആക്രമണം. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ അമേരിക്കന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനങ്ങളും ദീര്‍ഘദൂര മിസൈലുകളും അദേഹം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.