വാഷിങ്ടൺ : ഹമാസ് ഗാസ മുനമ്പിലെ പാലസ്തീന്‍ ജനങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.
ഗാസയിലെ ജനങ്ങള്‍ക്കെതിരെ ഹമാസ് അടുത്തുതന്നെ ആക്രമണം നടത്തുമെന്നും ഇത് വെടിനിര്‍ത്തല്‍ ലംഘനമാകുമെന്നും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നാണ് യുഎസ് വ്യക്തമാക്കിയത്. ഗാസ സമാധാന കരാറിന്റെ ഭാഗമായ രാജ്യങ്ങളെ ഇക്കാര്യം അറിയിച്ചതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം എങ്ങനെ, എവിടെ എപ്പോള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹമാസിന്റെ നീക്കം വെടിനിര്‍ത്തല്‍ കരാറിന്റെ നേരിട്ടുള്ളതും ഗുരുതരവുമായ ലംഘനമാകുമെന്നും മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയെടുത്ത ഗണ്യമായ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് യുഎസ് വ്യക്തമാക്കിയത്. ഹമാസ് ഈ ആക്രമണവുമായി മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വെടിനിര്‍ത്തലിന്റെ സമഗ്രത നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലുമായി സഹകരിക്കുന്നവരെന്ന് ആരോപിച്ച് പലസ്തീനികളുടെ നിരത്തിനിര്‍ത്തി വെടിവെച്ചുകൊല്ലുന്ന ഹമാസിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ താക്കീത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുകയും ചെയ്തിരുന്നു.