ദുബായില്‍ നിന്ന് പുറപ്പെട്ട ചരക്ക് വിമാനം ഹോങ്കോങില്‍ ലാന്‍ഡിങിനിടെ കടലില്‍ പതിച്ചു; രണ്ട് പേര്‍ മരിച്ചു

ദുബായില്‍ നിന്ന് പുറപ്പെട്ട ചരക്ക്  വിമാനം ഹോങ്കോങില്‍ ലാന്‍ഡിങിനിടെ കടലില്‍ പതിച്ചു; രണ്ട് പേര്‍ മരിച്ചു


ഹോങ്കോങ്: ചരക്ക് വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോങ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോങ് വിമാനത്താവളത്തിന്റെ മൂന്ന് റണ്‍വേകളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ചു. അപകടത്തില്‍പ്പെട്ട വിമാനം ഭാഗികമായി വെള്ളത്തിനടിയിലായതിന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്.

32 വര്‍ഷം പഴക്കമുള്ള തുര്‍ക്കി കാര്‍ഗോ എയര്‍ലൈന്‍ എയര്‍ എസിടി ബോയിങ് 747 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിനുള്ളില്‍ ചരക്കില്ലായിരുന്നു എന്നാണ് വിവരം. ഇതിന് മുമ്പ് 1999 ലുണ്ടായ ചുഴലിക്കാറ്റില്‍ ഹോങ്കോങ് വിമാനത്താവളത്തില്‍ ചൈന എയര്‍ ലൈന്‍സിന്റെ വിമാനം തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.