അമേരിക്കന്‍ നാവിക സേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നു വീണു; അപകടം 30 മിനിറ്റ് വ്യത്യാസത്തില്‍

അമേരിക്കന്‍ നാവിക സേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നു വീണു; അപകടം 30 മിനിറ്റ് വ്യത്യാസത്തില്‍

വാഷിങ്ടണ്‍: നിരീക്ഷണ പറക്കലിനിടെ അമേരിക്കന്‍ നാവിക സേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നു വീണു. ആളപായമില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം.

വിമാന വാഹിനിയായ യു.എസ്.എസ് നിമിറ്റ്സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എം.എച്ച് 60 ആര്‍ സീ ഹോക് ഹെലികോപ്റ്റര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45 ന് കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി.

30 മിനിട്ടുകള്‍ക്ക് ശേഷമാണ് ബോയിങ് എഫ്.എ1 8 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. പൈലറ്റുമാരെ രക്ഷപ്പെടുത്തി. വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് യു.എസ് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യു.എസ്.എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകര്‍ന്ന എം.എച്ച് 60 ആര്‍ സീ ഹോക് എന്ന ഹെലികോപ്ടര്‍. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള വിമാന വാഹിനിയാണ് നിമിറ്റ്സ്.

ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അപകടം. ദക്ഷിണ കൊറിയയില്‍ വച്ച് വ്യാഴാഴ്ചയാണ് ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ച.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.