ധാക്ക: ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രവുമായി ബംഗ്ലാദേശ് ഇടക്കാല ഭരണ തലവന്‍ മുഹമ്മദ് യുനൂസ്. പാകിസ്ഥാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് യുനൂസ് ഇത് സമ്മാനിക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്.
'ആര്‍ട്ട് ഓഫ് ട്രയംഫ്' എന്ന ഈ കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. അസം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ ബംഗ്ലാദേശ് അതിര്‍ത്തിക്കുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന തരത്തിലുള്ള ഭൂപടമാണ് ഇതിലുള്ളത്. ഇത് ആശങ്കാജനകമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുര്‍ബലപ്പെടുത്താനും 1971 ലെ വിഭജനത്തിന്റെ പഴയ മുറിവുകള്‍ ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ള ഒരു 'സൈക്കോളജിക്കല്‍ വാര്‍' ആവാം ലക്ഷ്യം. 1971 ലെ പാകിസ്താന്റെ സൈനിക പരാജയത്തെ പ്രതീകാത്മകമായി മായ്ച്ചുകളയാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ പ്രത്യയശാസ്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഈ നീക്കമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
1971 ലെ വിമോചന യുദ്ധം മുതല്‍ വഷളായ ബംഗ്ലാദേശ്-പാകിസ്ഥാന്‍ ബന്ധത്തെ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയും മുഹമ്മദ് യുനുസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഹമ്മദ് യുനൂസ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായല്ല യുനുസ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത്. 'ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തെ ഏഴ് സംസ്ഥാനങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണ്. കരയിലേക്കെത്താന്‍ അവര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഈ മേഖലയുടെയും സമുദ്രത്തിന്റെയും സംരക്ഷകര്‍ ഞങ്ങളാണ്' - എന്നാണ് യുനൂസ് മുമ്പ് ചൈനാ സന്ദര്‍ശനത്തിനിടെ പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.