സുനാമിയായും വരും: ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 'അന്തര്‍വാഹിനി ഡ്രോണ്‍' വികസിപ്പിച്ച് റഷ്യ

സുനാമിയായും വരും: ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 'അന്തര്‍വാഹിനി ഡ്രോണ്‍' വികസിപ്പിച്ച് റഷ്യ

ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകത്ത് നിലവിലുള്ള എല്ലാ സങ്കല്‍പ്പങ്ങളെയും തകര്‍ക്കുന്ന ആയുധ വികസനമെന്ന് പ്രതിരോധ വിദഗ്ധര്‍

മോസ്‌കോ: ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും മുങ്ങാങ്കുഴിയിടുന്നതുമായ 'അന്തര്‍വാഹിനി ഡ്രോണ്‍' (സബ്മേഴ്സിബിള്‍ ഡ്രോണ്‍) വികസിപ്പിച്ച് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ബുധനാഴ്ച 'പസെയ്ഡോണ്‍' എന്ന് പേരുള്ള അന്തര്‍വാഹിനി ഡ്രോണ്‍ മാതൃ മുങ്ങിക്കപ്പലില്‍ നിന്ന് വിജയകരമായി പരീക്ഷിതായി അറിയിച്ചത്.

ആണവോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈടെക് ക്രൂസ് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെ ചൊവ്വാഴ്ചയായിരുന്നു പുതിയ പരീക്ഷണം.

എത്ര ദൂരത്തേക്കും സഞ്ചരിക്കാനാകും എന്നതാണ് ഡ്രോണിന്റെ പ്രത്യേകത. ആണവ മുങ്ങിക്കപ്പലില്‍ പ്രവര്‍ത്തിക്കുന്ന റിയാക്ടറിനേക്കാള്‍ നൂറുമടങ്ങ് ചെറിയ ആണവ റിയാക്ടറാണ് ഈ ഡ്രോണില്‍ ഉള്ളതെന്നാണ് റഷ്യ പറയുന്നത്. ഇതാണ് ഡ്രോണിന് എത്ര ദൂരത്തേക്കും സഞ്ചരിക്കാനുള്ള ഇന്ധനം നല്‍കുന്നത്. 20 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വ്യാസവും ഉള്ള ഡ്രോണിന് 100 ടണ്‍ ആണ് ഭാരം.

ലക്ഷ്യത്തിന് 1600 അടി സമീപത്ത് എത്തി സ്ഫോടനം നടത്തും. ആണാവായുധമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആണവ വികിരണമുള്ള സമുദ്ര ജലം ഉള്‍ക്കൊള്ളുന്ന 500 മീറ്റര്‍ ഉയരമുള്ള സുനാമിയായിരിക്കും ശത്രുക്കളെ കാത്തിരിക്കുന്നത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ എന്ന വേഗതയില്‍ 500 അടിയോളം താഴ്ചയില്‍ ഇതിന് സഞ്ചരിക്കാനാകും. ആണവായുധങ്ങളുടെ കാര്യത്തില്‍ ലോകത്ത് നിലവിലുള്ള എല്ലാ സങ്കല്‍പ്പങ്ങളെയും തകര്‍ക്കുന്ന ആയുധ വികസനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ലോകത്തെവിടെയും എത്തി ആക്രമിക്കാനാകുന്ന പസെയ്ഡോണ്‍ ഡ്രോണിനെ ബെല്‍ഗോര്‍ഡ് എന്ന ആണവ അന്തര്‍വാഹിനിയില്‍ നിന്നാണ് പരീക്ഷിച്ചത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ 10000 കിലോമീറ്റര്‍ വരെ പരിധി ഇതിന് ഉണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബെല്‍ഗോര്‍ഡില്‍ ഇത്തരം മൂന്ന് പൊസെഡിയോണ്‍ ഡ്രോണുകളെ വഹിക്കാനാകും. കഴിഞ്ഞയാഴ്ചയാണ് ആണവോര്‍ജം ഉപയോഗിച്ച് സഞ്ചരിക്കാനാകുന്ന 'ബുറെവെസ്റ്റ്നിക്' ക്രൂസ് മിസൈല്‍ റഷ്യ വിജയകരമായി പരീക്ഷിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.