പോര്‍ട്ട് സുഡാന്‍: ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിങ്പുര്‍ ജില്ലയില്‍ നിന്നുള്ള 36 കാരനായ ആദര്‍ശ് ബെഹ്‌റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തട്ടിക്കൊണ്ട് പോയത്.
ആദര്‍ശിന്റെ മോചനത്തിനായി സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദുല്ല അലി എല്‍തോം പറഞ്ഞു.
ഇതിനിടെ ആദര്‍ശ് ബെഹ്‌റ ആര്‍എസ്എഫ് സൈനികര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടേയും സമൂഹ മാധ്യമങ്ങളിലൂടേയും പുറത്ത് വന്നു. ആര്‍എസ്എഫ് സൈനികരില്‍ ഒരാള്‍ ആദര്‍ശ് ബെഹ്റയോട് നിങ്ങള്‍ക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്ന് വീഡിയോയില്‍ ചോദിക്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദര്‍ശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നില്‍ ഒഡീഷ സര്‍ക്കാരിനോട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതും കാണാം.
ഖാര്‍ത്തൂമില്‍ നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഫാഷിര്‍ നഗരത്തില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്നും 13 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സൗത്ത് ദാര്‍ഫൂറിലെ ആര്‍എസ്എഫിന്റെ ശക്തി കേന്ദ്രമായ ന്യാളയിലേക്കാകാം ഇയാളെ കൊണ്ടുപോവാന്‍ സാധ്യതയെന്ന് സുഡാന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ആദര്‍ശ് ബെഹ്‌റ ഉടന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്നും എംബസി വ്യക്തമാക്കി. 2022 മുതല്‍ സുഡാനിലെ സുകാരതി എന്ന പ്ലാസ്റ്റിക് ഫാക്ടറിയിലാണ് ആദര്‍ശ് ജോലി ചെയ്യുന്നത്. സുമിത്രയാണ് ഭാര്യ. ഇവര്‍ക്ക് എട്ടും മൂന്നും വയസുള്ള രണ്ട് ആണ്‍മക്കളാണ്.