ടേക്ക് ഓഫിന് പിന്നാലെ തീഗോളമായി; അമേരിക്കയില്‍ ചരക്ക് വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

ടേക്ക് ഓഫിന് പിന്നാലെ തീഗോളമായി; അമേരിക്കയില്‍ ചരക്ക് വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയില്‍ ചരക്ക് വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്.

ചൊവ്വാഴ്ച കെന്റക്കിയിലെ ലൂയിസ്വില്ലെയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. മൂന്ന് പേരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം സംഭവിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലൂയിസ്വില്ലെയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 5:15 ഓടെ ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. വിമാനത്തിന്റെ ഇടത് ചിറകില്‍ നിന്ന് തീജ്വാലയും പുകയും ഉയരുന്നതിന്റെയും തുടര്‍ന്ന് വിമാനം ഒരു വലിയ തീഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തില്‍ ഉണ്ടായിരുന്ന വലിയ അളവിലുള്ള ഇന്ധനമാണ് തീപിടുത്തത്തിന് കാരണമെന്ന് ലൂയിസ്വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.