ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനുള്ള നീക്കങ്ങള്‍ ഹിസ്ബുള്ള ആരംഭിച്ചതോടെ മേഖലയിലുടനീളമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം.
ആക്രമണത്തിന് മുന്നോടിയായി ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രയേലിഡിഫന്‍സ് ഫോഴ്‌സ് ( ഐഡിഎഫ്) വ്യക്തമാക്കി. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം 2024 നവംബറില്‍ ഹിസ്ബുള്ളയും ഇസ്രയേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍
കരാര്‍ പ്രകാരം ഇസ്രയേല്‍ ആക്രമണങ്ങള്‍ നിര്‍ത്തുകയും തെക്കന്‍ ലെബനനിലെ താവളങ്ങളില്‍ നിന്ന് ക്രമേണ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഹിസ്ബുള്ള അവരുടെ കേന്ദ്രങ്ങള്‍ ലിതാനി നദിയുടെ വടക്കോട്ട് മാറ്റുകയും ചെയ്യേണ്ടിയിരുന്നു.
എന്നാല്‍ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ തെക്കന്‍ ലെബനനില്‍ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ആരോപണങ്ങള്‍ ഹിസ്ബുള്ള നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ ഹിസ്ബുള്ള വീണ്ടും ആയുധം സംഭരിക്കാനും തങ്ങളുടെ ആക്രമണ ശേഷി പുനസ്ഥാപിക്കാനും ശ്രമിക്കുകയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇസ്രയേല്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെബനനിലെ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിസ്ബുള്ള പുനസംഘടിക്കാനും ആയുധങ്ങള്‍ സംഭരിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിന് 'കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലെന്ന്' വിദേശകാര്യ മന്ത്രി ഗിദെയോന്‍ സാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.