റോം: കത്തോലിക്കാ സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ക്ലുജ് ഗേർല രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിനെയാണ് സഭയുടെ തലവനായി തിരഞ്ഞെടുത്തത്. ഫാഗറസിലെയും ആൽബ യൂലിയയിലെയും ആർച്ച് ബിഷപ്പായും അദേഹം ചുമതലയേൽക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ലൂസിയൻ മുറേസൻ ദിവംഗതനായതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരുടെ സിനഡ് നടത്തിയ സുപ്രധാന തിരഞ്ഞെടുപ്പിലാണ് ഈ തീരുമാനം.
നവംബർ അഞ്ചാം തീയതി ലിയോ പാപ്പ അംഗീകാരം നൽകിയതോടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളജിലായിരുന്നു സിനഡ് സമ്മേളനം. പൗരസ്ത്യ കാനോനിക നിയമമനുസരിച്ച് പാപ്പ ഈ തീരുമാനം സ്ഥിരീകരിക്കുകയായിരുന്നു.
റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ ഐക്യത്തിനും ദൗത്യത്തിനും വേണ്ടി പ്രവർത്തിക്കാനും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ മഹത്തായ ഓർമ്മയിൽ സഭയെ വളർത്താനും പുരോഗതിയിലേക്ക് നയിക്കാനും വേണ്ടി പരിശുദ്ധാത്മാവ് ബിഷപ്പ് ക്ലോഡിയു-ലൂസിയനെ നയിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. സിനഡ് അംഗങ്ങൾക്കും സഭാംഗങ്ങൾക്കും പാപ്പ തന്റെ ആശീർവാദവും അറിയിച്ചു.
1972 ജൂലൈ 22-ന് ജനിച്ച ക്ലോഡിയു പോപ് റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിൽ അംഗമായിരിക്കെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു. 1995 ജൂലൈ 23 ന് വൈദികനായി അഭിഷിക്തനായി. 2006 ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
2011 നവംബർ 21 ന് മേജർ അതിരൂപതയുടെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദേഹത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പ അംഗീകാരം നൽകിയിരുന്നു. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലായി അഞ്ചുലക്ഷത്തോളം വിശ്വാസികളാണ് റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയിലുള്ളത്.