ബെത്‌ലഹേം: രണ്ട് വർഷം നീണ്ടുനിന്ന ഗാസ യുദ്ധം തീർത്ത ആശങ്കകൾക്ക് താൽക്കാലിക വിരാമമായതോടെ യേശുക്രിസ്തുവിന്റെ ജന്മനാടായ ബെത്‌ലഹേം വീണ്ടും ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രകാശത്തിലേക്ക് മടങ്ങി വരുന്നു. സമാധാനവും സന്തോഷവും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ചരിത്ര നഗരം പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തെരുവുകൾ വർണ്ണവിളക്കുകളാൽ അലംകൃതമായി. കഴിഞ്ഞ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്കും നഗരത്തിലേക്ക് പുനരാരംഭിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പുണ്യഭൂമിയായ ബെത്‌ലഹേമിലെ ആഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദു നേറ്റിവിറ്റി ചർച്ചാണ്. ദൈവപുത്രൻ ജനിച്ചുവെന്ന് വിശ്വസിക്കുന്ന ഗുഹയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയവും അതിന് എതിർവശത്തുള്ള മാംഗർ സ്ക്വയറുമാണ് ആഘോഷങ്ങളുടെ പ്രധാന വേദി. മാംഗർ സ്ക്വയറിൽ പടുകൂറ്റൻ ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പരമ്പരാഗത ആചാരങ്ങൾക്കും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കുമാണ് ബെത്‌ലഹേം സാക്ഷ്യം വഹിക്കുക. ജറുസലേമിൽ നിന്നുള്ള ഭക്തിനിർഭരമായ ഘോഷയാത്ര, മാംഗർ സ്ക്വയറിലെ ബാൻഡുകളുടെ മാർച്ച്, സ്കൗട്ട് സൈന്യത്തിന്റെ പരേഡ് എന്നിവയെല്ലാം ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ഗാസയിലെ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ പേരിന് മാത്രമായിരുന്നു. എന്നാൽ യുദ്ധത്തിന്റെ മുറിവുകൾ ഉണക്കി സമാധാനത്തിന്റെ പുതുവത്സരം സ്വപ്നം കണ്ടുകൊണ്ടാണ് ബെത്‌ലഹേമിലെ ജനത ഇത്തവണ ക്രിസ്മസിനായി കാത്തിരിക്കുന്നത്.