ഡമാസ്‌കസ്: സിറിയയിലെ യുദ്ധഭൂമിയിൽ പ്രതീക്ഷയുടെ തിരിനാളമായി 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വിശുദ്ധ മാരോണിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ചു. മരോണൈറ്റ് സ്‌കൗട്ട്‌സിന്റെ നേതൃത്വത്തിൽ അലപ്പോയുടെ വടക്കു പടിഞ്ഞാറുള്ള ബ്രാഡ് ഗ്രാമത്തിലാണ് ഈ ചരിത്രപരമായ തീർത്ഥാടനം നടന്നത്.
യുവാക്കളും മുതിർന്നവരും ഉൾപ്പെടെ 80 ൽ അധികം വിശ്വാസികളാണ് ദിവ്യബലിയിൽ പങ്കുചേർന്നത്. 'മരിച്ച നഗരങ്ങൾ' എന്നറിയപ്പെടുന്ന ഈ മേഖലയിലെ ഏറ്റവും പവിത്രമായ ക്രൈസ്തവ കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ സംരക്ഷണയിലായിരുന്നു.
ഈ പുരാതന തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലിക്ക് കാർമികത്വം നിർവഹിച്ചത് ഫാ. ഘാൻഡി മഹാന്ന ആയിരുന്നു. "ഓരോ മനുഷ്യ ഹൃദയത്തിലും ദൈവത്തിന്റെ യഥാർത്ഥ സാന്നിധ്യം കാണപ്പെടുന്നു" എന്ന് അദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. സ്നേഹത്തിലൂടെ വിശ്വാസത്തിൽ ജീവിക്കാൻ എല്ലാവരെയും ഫാ. ഘാൻഡി മഹാന്ന പ്രോത്സാഹിപ്പിച്ചു.
ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിൻ്റെ വസതിയായിരുന്ന ഗുഹ ചാപ്പലും സമീപത്തുള്ള സെന്‍റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്‌ടങ്ങളും സംഘം സന്ദർശിച്ചു.