ഇസ്ലാമാബാദ്: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ അതീവ ജാഗ്രത. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണത്തിനോ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാക്കിസ്ഥാന്റെ കരസേന, നാവികസേന, വ്യോമസേന ഉള്‍പ്പെടെയുള്ള സായുധ സേന എല്ലാം അതീവ ജാഗ്രതയിലാണ്. സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാന്‍ തയാറെടുക്കാനും സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യോമസേനയോട് മുന്‍നിര താവളങ്ങളില്‍ നിന്നുള്ള ജെറ്റുകള്‍ പറന്നുയരാന്‍ തയാറാക്കി നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ ഇപ്പോള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ നോട്ടിസ് ടു എയര്‍മെന്‍ പുറത്തിറക്കിയിട്ടുണ്ട്.