ഡോക്യുമെന്ററിയിലെ കൂട്ടിച്ചേര്‍ക്കല്‍ വിവാദം: ബിബിസിക്കെതിരെ 100 കോടി ഡോളറിന്റെ നഷ്ടം ആവശ്യപ്പെട്ട് ട്രംപ്

ഡോക്യുമെന്ററിയിലെ കൂട്ടിച്ചേര്‍ക്കല്‍  വിവാദം: ബിബിസിക്കെതിരെ 100 കോടി ഡോളറിന്റെ നഷ്ടം ആവശ്യപ്പെട്ട് ട്രംപ്

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്കെതിരെ നിയമ നടപടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയിലെ എഡിറ്റിങ് വിവാദമായ സാഹചര്യത്തിലാണിത്.

ഈ മാസം 14 നകം ഡോക്യുമെന്ററി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ട്രംപിന്റെ അഭിഭാഷകര്‍ ബിബിസിയെ അറിയിച്ചു.

കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡോക്യുമെന്ററിയില്‍ നടത്തിയ എഡിറ്റിങാണ് ബിബിസിക്ക് തിരിച്ചടിയായത്. 2021 ജനുവരിയിലെ കാപിറ്റോള്‍ കലാപത്തിന് ട്രംപ് ആഹ്വാനം നല്‍കിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അദേഹത്തിന്റെ പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

മറ്റൊരു സന്ദര്‍ഭത്തിലെ വീഡിയോ ദൃശ്യങ്ങളും ഇതൊടൊപ്പം കൂട്ടിച്ചേര്‍ത്തു. 2024 നവംബറില്‍ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.

സംഭവം വിവാദമായതോടെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ ഡെബോറ ടര്‍ണെസും കഴിഞ്ഞ ദിവസം രാജിവച്ചു.

ചില തെറ്റുകള്‍ സംഭവിച്ചെന്നും ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഡേവി രാജിക്കത്തില്‍ വ്യക്തമാക്കി. പിഴവ് സമ്മതിച്ച് ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ ഇന്നലെ മാപ്പും പറഞ്ഞു. ബിബിസിയില്‍ 100 ശതമാനം വ്യാജ വാര്‍ത്തകളാണെന്ന് ട്രംപ് പരിഹസിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.