സിറിയൻ ക്രൈസ്തവരുടെ നിലനിൽപ്പിനായി ട്രംപിന്റെ അടിയന്തര ഇടപെടൽ തേടി ക്രിസ്ത്യൻ ലോകം

സിറിയൻ ക്രൈസ്തവരുടെ നിലനിൽപ്പിനായി ട്രംപിന്റെ അടിയന്തര ഇടപെടൽ തേടി ക്രിസ്ത്യൻ ലോകം

ഡമാസ്ക്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷാര വൈറ്റ് ഹൗസിൽ ചർച്ചകൾ നടത്തുന്ന പശ്ചാത്തലത്തിൽ സിറിയയിലെ കത്തുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 80 ൽ അധികം ക്രിസ്ത്യൻ നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്ത് കൈമാറി.

"സേവ് ദി പെർസെക്യൂട്ടഡ് ക്രിസ്ത്യന്‍സ്" എന്ന ആഗോള സംഘടനയുടെ നേതൃത്വത്തിലാണ് സിറിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ദുരിതത്തിന് പരിഹാരം കാണാൻ ട്രംപിന്റെ ശ്രദ്ധ ക്ഷണിച്ചത്.

വർധിച്ചു വരുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സിറിയൻ ക്രൈസ്തവ സമൂഹം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ ട്രംപ് നടത്തിയ ഇടപെടൽ ഈ വിഷയത്തിലും പ്രതീക്ഷ നൽകുന്നുവെന്ന് കൊളറാഡോ ആസ്ഥാനമായുള്ള സംഘടനയുടെ പ്രസിഡന്റ് ഡെഡെ ലോഗെസെൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഭക്ഷണം, വെള്ളം, വൈദ്യ സഹായം എന്നിവയുടെ കടുത്ത അഭാവം നേരിടുന്ന ഈ മതന്യൂനപക്ഷങ്ങൾ ഐസിസ് ഭീകരരുടെ പിടിയിൽ നിന്ന് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനുള്ള സഹായവും അഭ്യർത്ഥിക്കുന്നുണ്ട്.

സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിച്ച 2011 മുതൽ ക്രൈസ്തവ ജനസംഖ്യയുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2011ൽ ഏകദേശം 2.1 ദശലക്ഷം ആയിരുന്ന ജനസംഖ്യ 2024 ൽ ഏകദേശം 5,40,000 ആയി കുറഞ്ഞുവെന്ന് എയിഡ് ടു ദ ചേർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്തു.

സിറിയയിൽ നിന്ന് ക്രിസ്തീയ വിശ്വാസം പതിയെ അപ്രത്യക്ഷമാവുകയാണെന്ന് അടുത്തിടെ ഹോംസ് ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.