ഇസ്താംബൂൾ: ചരിത്ര പ്രസിദ്ധമായ തെക്കുകിഴക്കൻ തുർക്കിയിലെ ഉർഫ കാസിലിൽ നിന്ന് പുരാവസ്തു ഗവേഷകർ ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ നടത്തി. ഗ്രീക്ക് ഭാഷയിൽ ക്രിസ്ത്യൻ ലിഖിതങ്ങളോടുകൂടിയ 1,500 വർഷം പഴക്കമുള്ള ഒരു മൊസൈക്ക് തറയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്.
ബൈസന്റൈൻ കാലഘട്ടത്തിൽ, ഏകദേശം എ.ഡി. 460 നും 495 നും ഇടയിൽ നിർമ്മിച്ചതാകാം ഈ മൊസൈക്ക് എന്ന് ഗവേഷകർ കരുതുന്നു. പുരാതന മെസൊപ്പൊട്ടേമിയയിൽ എഡെസ എന്നും സാൻലിയുർഫ എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശം ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു.
കണ്ടെത്തിയ മൊസൈക്ക് കേവലം ഒരു തറ മാത്രമല്ല ഉർഫയിലെ ആദ്യകാല ക്രിസ്ത്യൻ സഭയുടെ സാമൂഹിക ശ്രേണിയിലേക്ക് വെളിച്ചം വീശുന്ന ഒരു കലാസൃഷ്ടിയാണ്. ആകർഷകമായ ജ്യാമിതീയ രൂപങ്ങൾ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മൊസൈക്കിലെ ഗ്രീക്ക് ലിഖിതങ്ങളാണ് ഏറ്റവും പ്രധാനം. ബിഷപ്പ് കൈറോസ്, മുഖ്യ പുരോഹിതൻ ഏലിയാസ് എന്നിവരുൾപ്പെടെയുള്ള ഉന്നത സഭാ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്. ഇത് പ്രദേശത്തെ ആദ്യകാല ക്രിസ്ത്യൻ നേതൃത്വത്തെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ സഹായിക്കും.
രക്തസാക്ഷികൾക്കായി സമർപ്പിക്കപ്പെട്ട ഒരു ക്രൈസ്തവ ദേവാലയം പോലെയുള്ള ഒരു ക്രിസ്ത്യൻ കേന്ദ്രത്തിന്റെ ഭാഗമാണ് ഈ മൊസൈക്ക് എന്ന് ഗവേഷക സംഘത്തലവൻ ഗുൽറിസ് കോസ്ബെ അഭിപ്രായപ്പെട്ടു. "ഈ സ്ഥലം പ്രദേശത്തെ ആദ്യകാല ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തെക്കുറിച്ച് പുതിയ വെളിച്ചം വീശുകയാണ്," അദേഹം കൂട്ടിച്ചേർത്തു.
മൊസൈക്ക് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ. ഈ കണ്ടെത്തൽ ഉർഫയുടെ ഇരുണ്ട കോട്ടവാതിലുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ക്രിസ്ത്യൻ ചരിത്രത്തിന്റെ താളുകൾ തുറക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്രകാരന്മാർ.