ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഫീസുകള്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി വരെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
പുതിയ നിയമം അനുസരിച്ച്, ഉയര്‍ന്ന ഫിറ്റ്‌നസ് ഫീസുകള്‍ക്കുള്ള കാലപഴക്കം 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വര്‍ധന. 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്.
വാഹനത്തിന്റെ പഴക്കമനുസരിച്ച് ഓരോ വിഭാഗത്തിനും ഉയര്‍ന്ന ഫീസാണ് ഇനി ഈടാക്കുക. ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ് വരുത്തിയിട്ടുള്ളത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റിനായി 25,000 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു.
ഇതേ കാലപ്പഴക്കമുളള മീഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. 20 വര്‍ഷത്തില്‍ കൂടുതലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇനി 15,000 രൂപയാണ് നല്‍കേണ്ടത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയാണ് നിരക്ക്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കും. ഫിറ്റ്നസ് ടെസ്റ്റുകള്‍ക്കായി മോട്ടോര്‍ സൈക്കിളുകള്‍ക്ക് 400 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്.
റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. പഴയ വാഹനങ്ങള്‍ കൂടുതല്‍ നിരക്കില്‍ പരിപാലിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയത് വാങ്ങാനോ നിര്‍ബന്ധിതരാക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.