ജൊഹാനസ്ബര്‍ഗ്: ജി 20 രാജ്യങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും നാഗരിക വിജ്ഞാനത്തില്‍ വേരൂന്നിയതുമായ മാതൃകകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജൊഹാനസ്ബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരെയും പിന്നിലാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോകം പുരോഗതിയെ എങ്ങനെ അളക്കുന്നു എന്നതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട നിമിഷമാണിതെന്നും അദേഹം പറഞ്ഞു. വിഭവ ദാരിദ്ര്യവും പാരിസ്ഥിതിക അസന്തുലിതാവസ്ഥയും നേരിടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് ഇത് അനിവാര്യമാണെന്നും ഇന്ത്യയുടെ ഏകാത്മ മാനവവാദം എന്ന തത്വം കൂടുതല്‍ സന്തുലിതമായ വളര്‍ച്ചയ്ക്ക് ഒരു മാതൃക നല്‍കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനക്രമീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിര്‍ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. സുസ്ഥിര ജീവിതത്തിനായി കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച മാതൃകകള്‍ സംരക്ഷിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.