മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ അമേരിക്ക; പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ട്രംപിന്റെ നിര്‍ദേശം

മുസ്ലിം ബ്രദര്‍ഹുഡിനെ  ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ അമേരിക്ക; പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ട്രംപിന്റെ നിര്‍ദേശം

വാഷിങ്ടണ്‍: മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക. മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അങ്ങനെ വന്നാല്‍ സംഘടനയ്‌ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളുണ്ടാകും.

സംഘടനയുടെ ഈജിപ്ത്, ലബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലുള്ള ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും ലിസ്റ്റ് ചെയ്യണമോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടത്. മുസ്ലിം ബ്രദര്‍ഹുഡിന് ഈജിപ്തിലും ജോര്‍ദാനിലും നിരോധനമുണ്ട്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എന്നിവര്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് എന്നിവരുമായി കൂടിയാലോചിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്.

ഉപരോധം ആവശ്യമാണെന്ന് കണ്ടെത്തിയാല്‍ അത് നടപ്പാക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് 45 ദിവസത്തെ സമയം നല്‍കും. പിന്നീട് സംഘടനയ്ക്ക് പിന്തുണ നല്‍കുന്നത് നിയമ വിരുദ്ധമാക്കും. ഇത് സാമ്പത്തിക ഉപരോധങ്ങള്‍ക്കും മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനും കാരണമാകും.

ടെക്സസ് ഗവര്‍ണര്‍ മുസ്ലിം ബ്രദര്‍ഹുഡിനെ വിദേശ ഭീകര സംഘടനയായും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ സംഘടനയായും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏകദേശം നൂറ് വര്‍ഷം മുന്‍പ് ഈജിപ്തിലാണ് ബ്രദര്‍ഹുഡ് സ്ഥാപിതമായത്.

ലോകമെമ്പാടും സംഘടനയ്ക്ക് പ്രാദേശിക ശാഖകളുണ്ട്. ഓരോ ഘടകത്തിനും പ്രത്യയശാസ്ത്രത്തില്‍ വ്യത്യാസങ്ങളുണ്ട്, ഇസ്ലാമിക നിയമം അനുസരിച്ച് ഭരിക്കുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് അതിന്റെ മുഖ്യ ലക്ഷ്യം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.