ഹോങ്കോങ്: വടക്കന്‍ തായ്‌പേയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും 279 പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. ഹോങ്കോങിലെ അഗ്‌നിബാധ അളവുകളില്‍ ഏറ്റവും ഉയര്‍ന്ന അളവായ ലെവല്‍ 5 ലുള്ള അഗ്‌നിബാധയാണ് വാങ് ഫുക് കോര്‍ട്ട് എന്ന കെട്ടിട സമുച്ചയത്തിലുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം 6:20 ഓടെയാണ് സംഭവം. 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുളകൊണ്ടുള്ള മേല്‍ത്തട്ടില്‍ തീ പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എട്ട് ടവറുകളിലായി 2000 പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.