കൊളംബോ: ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെയും ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയുയുടെയും സഹായത്തോടെ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചു.
ശ്രീലങ്കയിലുണ്ടായ കനത്ത മഴയിലും വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലുമാണ് ദുരന്തം വിതച്ചത്. ഒന്നര ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.