ബെയ്‌റൂട്ട്: അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ലബനനിലെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ രാജ്യത്തെ യുവജനങ്ങളോട് 'പ്രതീക്ഷയുടെ ഭാഷ' സംസാരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ സമാധാനം ദിനംപ്രതി കെട്ടിപ്പടുക്കേണ്ട ഒരു ആഗ്രഹവും വിളിയുമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു.
'സമാധാന പാലകര്‍ ഭാഗ്യവാന്മാര്‍' എന്ന തന്റെ യാത്രയുടെ കേന്ദ്ര വിഷയത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍, ലെബനനിലെ സമാധാനം കേവലം ഒരു അഭിലാഷമല്ലെന്നും രാജ്യത്തിന്റെ സങ്കീര്‍ണമായ സാമൂഹിക ഘടനയിലും തുടര്‍ച്ചയായ വെല്ലുവിളികളിലും വേരൂന്നിയ ഒരു ദൈനംദിന ആവശ്യകതയാണെന്നും മാര്‍പാപ്പ പറഞ്ഞു.
അനുരഞ്ജനം ക്ഷമയോടെയും സത്യസന്ധതയോടെയും കൂടി പിന്തുടരണമെന്നു പറഞ്ഞ പാപ്പ, നമ്മുടെ സ്വന്തം വേദനയാലും ചിന്താരീതിയാലും തടവിലാക്കപ്പെടുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കി.
തുര്‍ക്കിയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പരിശുദ്ധ പിതാവ് ഇന്നലെ വൈകുന്നേരം ലബനനിലെത്തിയത്. ബെയ്റൂട്ടിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ലെബനന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, നയതന്ത്ര സേന എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പ ഹാരിസയിലെ കാര്‍മ്മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് തിയോടോക്കോസ് ആശ്രമവും കര്‍മലീത്ത സഹോദരിമാരെയും സന്ദര്‍ശിച്ചു. നാളെ വൈകുന്നേരം പാപ്പ റോമിന് മടങ്ങും.