സിഡ്‌നി : ന്യൂ സൗത്ത് വെയിൽസിലെ ലേക്ക് ഇലവാറ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 48 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ആശങ്കയുണർത്തുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് യുവതി സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വൈകുന്നേരമാണ് ഓക്ക് ഫ്ലാറ്റ്‌സിലുള്ള സ്റ്റേഷന് സമീപം കാറിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. പ്രാഥമിക നിഗമനമനുസരിച്ച് മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6. 30 മുതൽ യുവതി ഈ കാറിൽ ഉണ്ടായിരുന്നിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി സ്റ്റേഷനിൽ പ്രവേശിക്കുകയും പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഏത് വിഷയത്തിലാണ് യുവതി സഹായം തേടിയതെന്നോ ഉദ്യോഗസ്ഥരുടെ പ്രതികരണം എന്തായിരുന്നുവെന്നോ സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ പരിസരം സീൽ ചെയ്യുകയും ഇത് ഒരു 'നിർണായക സംഭവം' (Critical Incident) ആയി പ്രഖ്യാപിക്കുകയും ചെയ്തു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കാൻ സൗത്ത് കോസ്റ്റ് പൊലീസ് ഡിസ്ട്രിക്റ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണത്തിന് പ്രൊഫഷണൽ സ്റ്റാൻഡേർഡ്‌സ് കമാൻഡിൻ്റെ സ്വതന്ത്ര മേൽനോട്ടം ഉണ്ടാകും. റിപ്പോർട്ട് തുടർന്ന് കോറോണർക്ക് സമർപ്പിക്കും.