പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും കനത്ത വെടിവെപ്പ്; പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരു രാജ്യങ്ങളും

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും കനത്ത വെടിവെപ്പ്; പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരു രാജ്യങ്ങളും

ഇസ്ലമാബാദ്: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും കനത്ത വെടിവെപ്പ്. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാന്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

ചാമന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വക്താവ് മൊഷറഫ് സെയ്ദി ആരോപിച്ചു. രാജ്യത്തിന്റെ സമഗ്രതയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ പൂര്‍ണമായും ജാഗ്രത പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വക്താവ് പറഞ്ഞു.

നേരത്തെ സൗദിയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച ചര്‍ച്ചകളില്‍ പൂര്‍ണമായി സമാധാനം കൈവരിക്കാന്‍ സാധിച്ചില്ല. ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

അഫ്ഗാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ പാകിസ്ഥാനില്‍ അടുത്തിടെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. എന്നാല്‍ പാക് ആരോപണം അഫ്ഗാന്‍ തള്ളി. പാകിസ്ഥാനിലെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.