പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍

പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍;  അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍

ഇസ്ലമാബാദ്: പാക് ദേശീയ അസംബ്ലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്ഥാന്‍ നാണം കെട്ടു. അസംബ്ലി സമ്മേളനത്തിനിടെ സഭയ്ക്കുള്ളില്‍ നിന്ന് കുറച്ച് പണം സ്പീക്കര്‍ അയാസ് സാദിഖിന് കിട്ടി.

നോട്ടുകള്‍ ഉയര്‍ത്തി കാണിച്ച് ഇത് ആരുടെതാണെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് പന്ത്രണ്ട് ജനപ്രതിനിധികള്‍. ഇതിന്റെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിലെ അസംബ്ലി അംഗങ്ങള്‍ ഒന്നടങ്കം ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് നട്ടം തിരിയുകയാണ്.

അസംബ്ലി സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ അയാസ് സാദിഖിന് സഭയ്ക്കുള്ളില്‍ നിന്ന് 50,000 പാകിസ്ഥാനി രൂപ (ഏകദേശം 16,000 ഇന്ത്യന്‍ രൂപ) കിട്ടിയത്. 5,000 പാകിസ്ഥാനി രൂപയുടെ പത്ത് നോട്ടുകളാണ് ഉണ്ടായിരുന്നത്. നോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സ്പീക്കര്‍ ഡയസില്‍നിന്ന് ഇത് ആരുടെ പണമാണെന്ന് ചോദിച്ചു.

അവകാശികള്‍ കൈ ഉയര്‍ത്താനും ആവശ്യപ്പെട്ടു. ഈ സമയത്താണ് സഭയിലുണ്ടായിരുന്ന പന്ത്രണ്ട് അംഗങ്ങള്‍ പണത്തിന് അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത്. ഇതോടെ സ്പീക്കര്‍ രസകരമായ മറുപടിയും നല്‍കി. 'ആകെ പത്ത് നോട്ടുകളുണ്ട്, എന്നാല്‍ 12 അവകാശികളും' എന്നായിരുന്നു അംഗങ്ങള്‍ കൂട്ടത്തോടെ കൈ ഉയര്‍ത്തിയത് കണ്ട് സ്പീക്കര്‍ പറഞ്ഞത്.

പണത്തിന്റെ യഥാര്‍ഥ ഉടമയെ പിന്നീട് കണ്ടെത്തിയതായി പാക് ടെലിവിഷന്‍ ചാനലായ ആജ് ടിവി റിപ്പോര്‍ട്ട് ചെയ്തു. പിടിഐ നേതാവായ മുഹമ്മദ് ഇഖ്ബാല്‍ അഫ്രീദിയുടേതായിരുന്നു പണമെന്നും ഇദേഹം പിന്നീട് അസംബ്ലി ഓഫീസിലെത്തി പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാകിസ്ഥാന്‍ അസംബ്ലിയില്‍ അരങ്ങേറിയ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കി. അസംബ്ലി അംഗങ്ങളെ പലരും രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്.

ഇത്തരം തട്ടിപ്പുകാരും അഴിമതിക്കാരുമാണ് അസംബ്ലിയിലെ അംഗങ്ങളെന്നും ഇവര്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുമ്പോള്‍ പാകിസ്ഥാന്‍ ഒരിക്കലും രക്ഷപെടില്ലെന്നും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.