ഗർഭഛിദ്ര ക്ലിനിക്കിന് മുന്നിൽ പ്രാർത്ഥിച്ചവർക്ക് ആശ്വാസം; 21 പ്രോലൈഫ് പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി

ഗർഭഛിദ്ര ക്ലിനിക്കിന് മുന്നിൽ പ്രാർത്ഥിച്ചവർക്ക് ആശ്വാസം; 21 പ്രോലൈഫ് പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി

മാഡ്രിഡ്: സ്പെയിനിൽ ഗർഭഛിദ്ര ക്ലിനിക്കിന് മുന്നിൽ സമാധാനപരമായി പ്രാർത്ഥന നടത്തിയതിന് അറസ്റ്റിലായ 21 പ്രോലൈഫ് പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി. മൂന്ന് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിറ്റോറിയ-ഗാസ്റ്റിസ് കോടതിയുടെ നിർണായക വിധി.

"40 ഡേയ്‌സ് ഫോർ ലൈഫ്" എന്ന ക്യാമ്പയിന്റെ ഭാഗമായി 2022 സെപ്റ്റംബർ-നവംബർ കാലയളവിലാണ് വിറ്റോറിയ-ഗാസ്റ്റിസിലെ അസ്കാബൈഡ് ക്ലിനിക്കിന് പുറത്ത് ഇവർ ഒത്തുകൂടിയത്. ഗർഭഛിദ്രത്തിനായി എത്തുന്ന സ്ത്രീകളെ തടസപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തു എന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. ക്ലിനിക്കിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്ന അന്നത്തെ കോടതി ഉത്തരവ് ലംഘിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ വാദം.

പ്രതികൾ സമാധാനപരമായ രീതിയിലാണ് ഒത്തുചേർന്നതെന്നും ആരെയും ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വതന്ത്രമായി ഒത്തുചേരാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇവർ ചെയ്തതെന്ന് കോടതി വ്യക്തമാക്കി. പ്രോലൈഫ് പ്രവർത്തകരുടെ സാന്നിധ്യം കാരണം ഏതെങ്കിലും സ്ത്രീക്ക് ക്ലിനിക്കിൽ പ്രവേശിക്കുന്നതിനോ ചികിത്സ തേടുന്നതിനോ തടmമുണ്ടായതായി തെളിവില്ല.

ക്ലിനിക്കിലെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുകയോ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയോ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് ചുറ്റും പ്രാർത്ഥനയും പ്രതിഷേധവും വിലക്കിക്കൊണ്ട് 'ബഫർ സോണുകൾ' കർശനമാക്കുന്ന സാഹചര്യത്തിലാണ് സ്പെയിനിലെ ഈ വിധി വരുന്നത്. സമാധാനപരമായ പ്രാർത്ഥനകൾക്കുള്ള അംഗീകാരമാണിതെന്ന് പ്രോലൈഫ് ഗ്രൂപ്പുകൾ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.