ബെത്‌ലഹേം: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്രിസ്മസ് ആഘോഷങ്ങൾ പുനരാരംഭിച്ച് യേശുവിന്റെ ജന്മനാടായ ബെത്‌ലഹേം. കഴിഞ്ഞ രണ്ട് വർഷമായി യുദ്ധത്തിന്റെ കരിനിഴലിലായിരുന്ന നഗരം ഇത്തവണ ആയിരക്കണക്കിന് തീർത്ഥാടകരെ സാക്ഷിയാക്കി മാംഗർ സ്‌ക്വയറിൽ വിപുലമായ ആഘോഷങ്ങൾക്കാണ് വേദിയായത്. സംഘർഷങ്ങളെ തുടർന്ന് ഒഴിവാക്കിയിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ വീണ്ടും സ്ഥാപിച്ചത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കുള്ള ആദരസൂചകമായി അവശിഷ്ടങ്ങളും മുള്ളുവേലികളും കൊണ്ട് ചുറ്റപ്പെട്ട കുഞ്ഞ് യേശുവിന്റെ ജനനരംഗമാണ് ഇത്തവണ മാംഗർ സ്‌ക്വയറിൽ ഒരുക്കിയത്. ജറുസലേമിൽ നിന്ന് ബെത്‌ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വിശുദ്ധ നാട്ടിലെ ഉന്നത കത്തോലിക്കാ നേതാവായ കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. "ഗാസയിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശംസകളുമായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ബെത്‌ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്. നമ്മളെല്ലാവരും ചേർന്ന് ഇരുട്ടിനെ അകറ്റി വെളിച്ചമാകാൻ തീരുമാനിക്കുന്നു," കർദിനാൾ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭാഗമായ ബെത്‌ലഹേമിലെ 80 ശതമാനത്തോളം വരുന്ന നിവാസികൾ ടൂറിസത്തെ ആശ്രയിച്ചാണ് കഴിയുന്നത്. യുദ്ധം മൂലം കഴിഞ്ഞ വർഷങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ നേരിട്ടത്. ക്രിസ്മസ് ആഘോഷങ്ങൾ തിരിച്ചെത്തിയത് ടൂറിസം മേഖലയ്ക്കും പ്രാദേശിക വ്യാപാരികൾക്കും വലിയ പ്രതീക്ഷ നൽകുന്നു. ഇത് സാധാരണ ജീവിതത്തിന്റെ തിരിച്ചുവരവിന്റെ തുടക്കമാണെന്ന് ബെത്‌ലഹേം നിവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു.