'ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നു'; കാശ്മീര്‍ വിഷയത്തില്‍ നിന്ന് പിന്മാറില്ലെന്ന് 'പഹല്‍ഗാം' സൂത്രധാരന്‍

 'ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നു'; കാശ്മീര്‍ വിഷയത്തില്‍ നിന്ന് പിന്മാറില്ലെന്ന് 'പഹല്‍ഗാം' സൂത്രധാരന്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായി ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ സൈഫുള്ള കസൂരി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്‌കറെ തൊയ്ബ നേതാവ് ഇന്ത്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ അനന്തരഫലങ്ങള്‍ തുറന്ന് സമ്മതിക്കുന്നത്.

ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയായ കസൂരിയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച് കസൂരി പ്രസ്താവന നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരരുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഇന്ത്യയുടെ വലിയ തെറ്റായിരുന്നുവെന്നും കസൂരി വീഡിയോയില്‍ പറയുന്നു. ഇന്ത്യയുടെ സൈനിക നടപടികളെ ശരിവെക്കുന്ന പ്രസ്താവനയില്‍ കാശ്മീര്‍ വിഷയത്തില്‍ നിന്ന് പിന്മാറില്ലെന്നും കസൂരി പറയുന്നുണ്ട്.

പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കസൂരിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ലഷ്‌കറെ തൊയ്ബയിലും ജമാ അത്തെ ഉദ്ദവയിലും നിര്‍ണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലീം ലീഗി (എംഎംഎല്‍)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെ തന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യ വകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ട സംഘടനയാണ് എംഎംഎല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.