'ശുദ്ധജലം ഔദാര്യമല്ല, അവകാശം'; ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'ശുദ്ധജലം ഔദാര്യമല്ല, അവകാശം'; ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

ജനങ്ങള്‍ക്ക് വെള്ളത്തിന് പകരം വിതരണം ചെയ്തത് വിഷമാണ്. ദുര്‍ഗന്ധം വമിക്കുന്ന വെള്ളം നല്‍കിയതില്‍ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടിയെടുത്തില്ല. ശുദ്ധജലം ഔദാര്യമല്ല, അത് അവകാശമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിസഹായരായ ജനങ്ങളെ നോക്കി ബിജെപി നേതാക്കള്‍ ധിക്കാരപരമായ പ്രസ്താവനകള്‍ നടത്തുകയാണ്. അവിടെ വീടുകള്‍ തോറും ദുഖം വ്യാപിച്ചിരിക്കുകയാണ്. ഹൃദയം മരവിച്ചു പോയവര്‍ക്ക് ആശ്വാസമാണ് ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അഹങ്കരിക്കുകയാണ്.

വൃത്തികെട്ടതും ദുര്‍ഗന്ധം വമിക്കുന്നതുമായ വെള്ളത്തെക്കുറിച്ച് ആളുകള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കുടിവെള്ളത്തില്‍ എങ്ങനെ മലിനജലം കലര്‍ന്നു? ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കുമെതിരെ എപ്പോള്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ദുര്‍ഭരണത്തിന്റെ കേന്ദ്രമായി മധ്യപ്രദേശ് മാറി. ഒരിടത്ത് ചുമ സിറപ്പ് മൂലമുള്ള മരണങ്ങള്‍. മറ്റൊരിടത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ എലികള്‍ കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നു. ഇപ്പോള്‍ മലിനജലം കലര്‍ന്ന വെള്ളം കുടിച്ചും ആളുകള്‍ മരിക്കുന്നു. ദരിദ്രര്‍ മരിച്ചുവീഴുമ്പോള്‍ എപ്പോഴും എന്ന പോലെ മോഡി മൗനത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.