ബോഗൊട്ട: വെനസ്വേലയ്ക്ക് പിന്നാലെ അടുത്ത ലക്ഷ്യം കൊളംബോ ആണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ.
'എന്നെ കൊണ്ടുപോകാന്‍ വരൂ, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നാണ് പെട്രോ പറഞ്ഞത്. യു.എസ് തങ്ങളെ ആക്രമിക്കുകയാണെങ്കില്‍, ജനങ്ങള്‍ ഗറില്ലകളാകും. ഇനി ആയുധം തൊടില്ലെന്ന് പ്രതിജ്ഞ ചെയ്തതാണ്. പക്ഷേ മാതൃരാജ്യത്തിനായി വീണ്ടും ആയുധമെടുക്കുമെന്നും പറഞ്ഞു.
സഹകരണം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിറുത്തുമെന്നും എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഭീഷണികളോ ബലപ്രയോഗമോ അംഗീകരിക്കില്ലെന്നും കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന് പിന്നാലെയാണ് കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
അതിനിടെ പിതാവിനെയും മാതാവിനെയും തട്ടികൊണ്ടു പോയതാണെന്നും അവരുടെ തിരിച്ചു വരവിനായി അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വേണമെന്നും വെനസ്വേലന്‍ ദേശീയ അസംബ്ലിയില്‍ മഡൂറോയുടെ മകന്‍ നിക്കോളസ് ഗുവേര മഡൂറോ ആവശ്യപ്പെട്ടു.
തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റൊഡ്രിഗസ് പറഞ്ഞു.