ഖാർത്തൂം: ആഭ്യന്തര യുദ്ധവും സായുധ സംഘർഷങ്ങളും മൂലം കലുഷിതമായ തെക്കൻ സുഡാനിലെ കത്തോലിക്കാ സഭയ്ക്ക് പുതിയ കരുത്തായി നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയിലാണ് സഭയുടെയും നാടിന്റെയും അതിജീവനത്തിന് പ്രത്യാശ പകർന്നു നൽകുന്ന ഈ തിരുപ്പട്ട സ്വീകരണം നടന്നത്.
പ്രാദേശിക സഭയുടെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിതെന്ന് രൂപതാ മെത്രാൻ എഡ്വേർഡ് ഹീബോറോ കുസ്സാല വിശേഷിപ്പിച്ചു. യുദ്ധം തകർത്ത രാജ്യത്ത് സമാധാനത്തിന്റെ സൃഷ്ടാക്കളാകാനും സഭയിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാനും നവാഭിഷിക്തരോട് ബിഷപ്പ് ആഹ്വാനം ചെയ്തു.
രൂപതയെ സംബന്ധിച്ചിടത്തോളം ഇത് നവീകരണത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണെന്നും ഇവരിലൂടെ സഭയുടെ അജപാലന ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുമെന്നും അദേഹം കൂട്ടിച്ചേർത്തു. സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമായി സർക്കാർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സുഡാനിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം ഭയാനകമായി തുടരുകയാണ്. വംശീയ ആക്രമണങ്ങളും കൂട്ടക്കൊലകളും കാരണം വടക്കൻ ഡാർഫർ ഉൾപ്പെടെയുള്ള മേഖലകളിൽ സ്ഥിതിഗതികൾ സങ്കീർണമാണ്. നിലവിൽ ഏകദേശം 13 ദശലക്ഷം ആളുകൾ രാജ്യത്ത് കുടിയിറക്കപ്പെട്ടതായാണ് കണക്കുകൾ.
ഇതിൽ കുട്ടികളും വയോധികരും ഉൾപ്പെടെ 30 ദശലക്ഷം പേർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്രയും കഠിനമായ പ്രതിസന്ധികൾക്കിടയിലും നടന്ന ഈ തിരുപ്പട്ട സ്വീകരണം സഭയുടെയും വിശ്വാസികളുടെയും വലിയ ആത്മവിശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.