ലണ്ടൻ: അതിശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയുമായി 'ഗൊരേറ്റി' കൊടുങ്കാറ്റ് വടക്കൻ യൂറോപ്പിൽ കനത്ത നാശം വിതയ്ക്കുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡ്-റെയിൽ-വ്യോമ ഗതാഗതം താറുമാറായതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി.
ഫ്രാൻസിൽ മാത്രം മൂന്ന് ലക്ഷത്തി എൺപതിനായിരത്തിലധികം വീടുകൾ ഇരുട്ടിലാണ്. ബ്രിട്ടനിലെ സ്കോട്ട്ലൻഡിലും സെൻട്രൽ ഇംഗ്ലണ്ടിലുമായി 57,000-ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ശക്തമായ കാറ്റും റൺവേകളിൽ മഞ്ഞ് കട്ടപിടിച്ചതും കാരണം ലണ്ടനിലെ ഹീത്രോ, ഗാറ്റ്‌വിക് വിമാനത്താവളങ്ങളിൽ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. ഹീത്രോയിൽ മാത്രം അമ്പതോളം വിമാനങ്ങളാണ് നിലത്തിറക്കാൻ കഴിയാതെ വന്നത്.
ഇംഗ്ലണ്ടിലെ ഷെഫീൽഡ്, മാഞ്ചസ്റ്റർ റൂട്ടുകളിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ ജർമ്മനിയിലും ഫ്രാൻസിലും നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പല രാജ്യങ്ങളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കും തടസം നേരിടുന്നുണ്ട്.
യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.