കഴിഞ്ഞ വര്‍ഷത്തെ പിഎസ്എല്‍വി-സി 61 ദൗത്യം പരാജയപ്പെട്ടതും വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലായിരുന്നു.
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് രാവിലെ 10:17 ന് കുതിച്ചുയര്‍ന്ന റോക്കറ്റ് പിന്നീട് മൂന്നാം ഘട്ടത്തില്‍ പ്രശ്‌നം നേരിടുകയും വിക്ഷേപണ പാതയില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് പിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെടുന്നത്. ഐഎസ്ആര്‍ഒയുടെ 2026-ലെ ആദ്യ വിക്ഷേപണമായിരുന്നു ഇത്.
'പിഎസ്എല്‍വി-സി 62 ദൗത്യം മൂന്നാം ഘട്ടത്തില്‍ പ്രശ്നം നേരിട്ടു. വിശദമായ പരിശോധന തുടങ്ങി' -ഇതാണ് ഐഎസ്ആര്‍ഒ ഔദ്യോഗികമായി എക്‌സിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
2025 മെയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എല്‍വി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തില്‍ തന്നെയാണ് അന്നും പ്രശ്‌നം നേരിട്ടത്. സോളിഡ് മോട്ടോര്‍ ചേംബര്‍ മര്‍ദത്തില്‍ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാന്‍ അന്ന് കാരണമായത്.
ഭൗമനിരീക്ഷണത്തിനായുള്ള 'അന്വേഷ' ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങളാണ് ഇന്നത്തെ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തേണ്ടിയിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് രാവിലെ 10:17-നാണ് പിഎസ്എല്‍വി-സി 62 വിക്ഷേപിച്ചത്.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇഒഎസ്-എന്‍1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. 'അന്വേഷ'യില്‍ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആര്‍ഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോ മീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടില്ല.
ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ളവയാണ് അന്വേഷയ്ക്ക് പുറമെയുള്ള ബാക്കി ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡ് മുഖേനെയാണ് ഈ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപണത്തിനെത്തിയത്.
സ്പാനിഷ് സ്റ്റാര്‍ട്ടപ്പിന്റെ റീ എന്‍ട്രി ക്യാപ്‌സ്യൂളും ഇന്നത്തെ വിക്ഷേപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് കുറഞ്ഞ ചെലവില്‍ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എന്‍ട്രി ക്യാപ്‌സ്യൂള്‍ അയക്കുന്നത്.
വിക്ഷേപിച്ച് രണ്ട് മണിക്കൂറിനകം ക്യാപ്സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിക്കുകയും ചെയ്യും.
ഐഎസ്ആര്‍ഒ ഏറ്റവുമധികം ആശ്രയിക്കുന്ന വിക്ഷേപണ വാഹനമാണ് പിഎസ്എല്‍വി. 2017 ല്‍ 104 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ലോക റെക്കോഡ് സ്വന്തമാക്കിയത് ഈ റോക്കറ്റ് ഉപയോഗിച്ചാണ്.