ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 21 മുതല്‍ 26 വരെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങള്‍ ദിവസവും രണ്ടര മണിക്കൂര്‍ നിര്‍ത്തിവയ്ക്കും.
ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45വരെ ഡല്‍ഹി വിമാനത്താവളം അടച്ചിടും. അറുനൂറിലധികം വിമാന സര്‍വീസുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഡല്‍ഹി വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ സമയത്താണ് അടച്ചില്‍. ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടുതലായി എത്തുന്നതിനാല്‍ ഉച്ചകഴിഞ്ഞുള്ള വിമാന സര്‍വീസുകള്‍ യൂറോപ്പിലേക്കും നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ളതാണ്.
ടൊറന്റോ, വാഷിങ്ടണ്‍, താഷ്‌കന്റ്, കാഠ്മണ്ഡു, കൊളംബോ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളും തടസപ്പെടും. പുതിയ നടപടിയുടെ ഭാഗമായി ചില വിമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നും പല വിമാനങ്ങളുടെയും പുറപ്പെടല്‍ സമയമോ എത്തിച്ചേരല്‍ സമയമോ പുതുക്കുമെന്നും സര്‍ക്കാര്‍ വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
യാത്രക്കാര്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളും മൊബൈല്‍ ആപ്പുകളും പരിശോധിച്ച് ഫ്‌ളൈറ്റ് അപ്ഡേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അറിയിപ്പുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും നിര്‍ദേശമുണ്ട്.