സിഡ്‌നി: ലോകമെമ്പാടുമായി 38.8 കോടിയിലധികം ക്രൈസ്തവ വിശ്വാസികൾ കടുത്ത പീഡനത്തിനും വിവേചനത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ ഏഴിൽ ഒരു ക്രിസ്ത്യൻ വിശ്വാസി എന്ന കണക്കിൽ പീഡനം നേരിടുന്നുണ്ടെന്നാണ് 'ഓപ്പൺ ഡോർസ് ഇന്റർനാഷണൽ' പുറത്തുവിട്ട 2026 ലെ 'വേൾഡ് വാച്ച് ലിസ്റ്റ്' വ്യക്തമാക്കുന്നത്.
ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും പ്രയാസമേറിയ 50 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തുടർച്ചയായ 24-ാം വർഷവും ഉത്തര കൊറിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഭരണകൂടത്തെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ അനുവാദമില്ലാത്ത ഇവിടെ ബൈബിൾ കൈവശം വെക്കുന്നത് പോലും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണ്.
സൊമാലിയ, യെമൻ, സുഡാൻ, എറിത്രിയ, സിറിയ, നൈജീരിയ, പാകിസ്ഥാൻ, ലിബിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഉത്തര കൊറിയയ്ക്ക് തൊട്ടുപിന്നിൽ 'അതീവ ഗുരുതരമായ' വിഭാഗത്തിലുള്ളത്.
ആഫ്രിക്കൻ വൻകരയിൽ ക്രൈസ്തവർക്കെതിരായ അതിക്രമം വർധിക്കുകയാണ്. നൈജീരിയയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 3,500-ലധികം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. വൈദികരെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും ഇവിടെ നിത്യസംഭവമായി മാറുന്നു.
ഏകാധിപത്യ ഭരണകൂടങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ, മതതീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയാണ് പീഡനങ്ങൾ വർധിക്കാൻ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളുമാണ് സഭയ്ക്ക് ഭീഷണിയാകുന്നത്.
ദേശീയതയും മതവും കൂടിക്കലരുന്ന പ്രവണത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാകുന്നുവെന്നും മതംമാറ്റ നിരോധന നിയമങ്ങൾ ഇതിന്റെ ഭാഗമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ ഭരണമാറ്റത്തിന് ശേഷവും അക്രമങ്ങൾ വർധിച്ചതോടെ, പീഡന പട്ടികയിൽ രാജ്യം 12 സ്ഥാനം മുകളിലേക്ക് ഉയർന്നു. എന്നാൽ കൊടിയ പീഡനങ്ങൾക്കിടയിലും പല രാജ്യങ്ങളിലും ക്രൈസ്തവ സഭ വളർച്ചയുടെ പാതയിലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.